'ഹൊ ഭയങ്കരം തന്നെ'..; പാവപ്പെട്ട വനിതകൾക്കു സാരി വാങ്ങിയ വകയിൽ ബിജെപി നേതാക്കൾ തട്ടിയത് 23 കോടിയെന്ന് കോൺഗ്രസ്

Update: 2024-09-07 06:49 GMT

ഹൊ ഭയങ്കരം തന്നെ ആശാനേ..! 2010ൽ കർണാടകയിൽ ഭരണത്തിലിരുന്ന ബിജെപി സർക്കാരിൻറെ വനിതാക്ഷേമ പ്രവർത്തനങ്ങൾ കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുമെന്ന പ്രഹസ്വനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

സ്ത്രീകൾക്കു സാരി വാങ്ങിയ ഇടപാടിൽ കർണാടക മുൻ ബിജെപി സർക്കാർ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കോൺഗ്രസിൻറെ ആരോപണം. 2010ൽ ബിജെപി ഭരിക്കുമ്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ 'ഭാഗ്യലക്ഷ്മി' പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിലാണ് അഴിമതിയാരോപണം.

സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തുനൽകി. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്കു വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികളാണു വാങ്ങിയത്. മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണു സാരിവാങ്ങിയതെന്നാണ് ആരോപണം.

കർണാടകയിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണു പുറത്തുനിന്നു സാരിവാങ്ങിയത്. അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് സാരിവാങ്ങാൻ നേതൃത്വം നൽകിയത്. 'മുഡ' ഭൂമിയിടപാടും വാല്മീകി എസ്ടി കോർപ്പറേഷൻ ഫണ്ട് തിരിമറിയുമുയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് പുതിയ ആരോപണമുയർത്തിയത്.

Tags:    

Similar News