ബി.ജെ.പി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

Update: 2024-03-26 10:48 GMT

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി ആറാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. രാജസ്ഥാനിലെ രണ്ടും മണിപ്പൂരിലെ ഒന്നും സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആറാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ദൗസയിൽ കനയ്യലാൽ മീണ സ്ഥാനാർത്ഥിയാകും. കരൗലി ദോൽപൂരിൽ ഇന്ദു ദേവി ജാതവും ബിജെപിക്കായി ജനവിധി തേടും. ഇന്നർ മണിപ്പൂരിൽ തൗനോജം ബസന്ത് കുമാർ സിങ് മത്സരിക്കും.

കേരളത്തിലെ നാലു മണ്ഡലങ്ങളിലേക്ക് ഉൾപ്പെടെ ബി.ജെ.പി ഇന്നലെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. അഞ്ചാംഘട്ട പട്ടികയിൽ 111 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർഥികൾകൂടി ഉൾപ്പെട്ടിട്ടുള്ളത്. വയനാട്ടിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തുന്നുവെന്നതായിരുന്നു പട്ടികയിലെ സർപ്രൈസ്. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, ബിഹാർ, ഹരിയാന, ഗോവ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, മിസോറം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ കങ്കണ റണാവത്തിനെ പ്രഖ്യാപിച്ചു. യു.പിയിൽ സുൽത്താൻപൂരിൽ മനേക ഗാന്ധിയും മീറത്തിൽ നടനും രാമായണം സീരിയൽ താരവുമായ അരുൺ ഗോവിലുമാണ് സ്ഥാനാർഥികൾ. ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സിത സോറന്‌ ഇടം നൽകിയപ്പോൾ കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബെ, മുൻ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായിരുന്ന വി.കെ സിംഗ് എന്നിവർ പട്ടികയ്ക്ക് പുറത്താണ്. മുൻ കോൺഗ്രസ് എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു മിനിട്ടുകൾക്കകമാണ് ഹരിയാന കുരുക്ഷേത്രയിൽ സീറ്റ് നൽകിയത്.

Tags:    

Similar News