ബിഹാറിൽ പാലം തകർച്ച തുടരുന്നു. ഭഗൽപൂർ ജില്ലയിലെ ചൗഖണ്ഡി ഗ്രാമത്തിൽ രണ്ട് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലമാണ് ഏറ്റവും ഒടുവിൽ തകർന്നുവീണിരിക്കുന്നത്. ഇതോടെ നാലു ദിവസത്തിനിടെ തകർന്നുവീഴുന്ന മൂന്നാമത്തെ പാലമാണിത്. വ്യാഴാഴ്ച പാലത്തിൽ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു വശം ചരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ പാലം ഒന്നാകെ വെള്ളത്തിൽ പതിക്കുകയായിരുന്നു. നദിയിലെ ശക്തമായ നീരൊഴുക്കിൽ പാലം തകർന്നുവീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായി. ആറ് പഞ്ചായത്തുകളിൽ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെയാണ് പാലം തകർച്ച പ്രതികൂലമായി ബാധിക്കുക.
പാലം തകർന്നതോടെ ബ്ലോക്ക് ആസ്ഥാനവും ജില്ലയും തമ്മിലുള്ള സഞ്ചാര ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥരാരും സംഭവസ്ഥലത്ത് എത്താത്തത് ദുരിതബാധിതരായ ഗ്രാമീണരുടെ പ്രതിഷേധത്തിന് കാരണമായി. പാലം തകർന്ന് വെള്ളത്തിലേക്ക് വീണതോടെ നിർമാണത്തിലെ അപാകതയും വെള്ളപ്പൊക്ക പ്രതിരോധ നടപടികളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി വിമർശനവും പ്രതിഷേധവും ശക്തമാണ്. അതേസമയം, ചൗഖണ്ഡി പാലം തകർന്നതിനു പിന്നാലെ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി തലവനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. നിതീഷ് കുമാറിൻ്റെ ഭരണത്തിലെ അഴിമതിയുടെ വേരുകളുടെ ആഴമാണ് പാലങ്ങളുടെ തകർച്ചയിലൂടെ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ ബിഹാറിലുടനീളം ആയിരക്കണക്കിന് കോടി ചെലവ് വരുന്ന നൂറുകണക്കിന് പാലങ്ങളാണ് തകർന്നുവീണത്- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അടുത്തകാലത്ത് ബിഹാറിൽ തകരുന്ന 17ാമത്തെ പാലമാണ് ചൗഖണ്ഡിയിലേത്. സെപ്തംബർ 23ന് മുംഗർ ജില്ലയിൽ ഗന്തക് നദിക്ക് കുറുകെയുണ്ടായിരുന്ന പ്രധാന പാലവും സമസ്തിപൂരിൽ നിർമാണത്തിലിരിക്കുന്ന ബക്തിയാർപൂർ- താജ്പൂർ ഗംഗാ മഹാസേതു പാലവും തകർന്നിരുന്നു. മുംഗർ ജില്ലയിലെ ബിച്ലി പുൽ എന്നറിയപ്പെട്ടിരുന്ന തിരക്കേറിയ പാലം 2012ൽ നിർമിച്ചതാണ്. നദിയിലെ ശക്തമായ ഒഴുക്കിൽ പാലം തകരുകയായിരുന്നെന്നാണ് വിവരം. നദീതീര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് പ്രധാന നഗരമായ ഖഗാരിയയുമായി ബന്ധപ്പെടാനുള്ള ഒരേയൊരു മാർഗമായിരുന്നു ഈ പാലം. 80,000ത്തോളം പേരെ പാലം തകർച്ച ബാധിക്കും. മുംഗർ ജില്ലയിലെ ഹരിനമർ, ജൊവാഭിയാർ തുടങ്ങിയ നിരവധി പഞ്ചായത്തുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ ഒന്നിനു പിറകെ ഒന്നായി പാലങ്ങൾ തകരുന്ന സംഭവങ്ങളുണ്ടായിരുന്നു. 13 ദിവസത്തിനിടെ ആറ് പാലങ്ങളാണ് അന്ന് തകർന്നത്. തുടർന്നും പല സമയങ്ങളിലായി പാലം തകർച്ച ആവർത്തിച്ചു. സർക്കാരിന് തന്നെ നാണക്കേടായ ഈ സംഭവങ്ങളിൽ വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പാലം നിർമാണത്തിനും പരിപാലനത്തിനുമായി പുതിയ നയവും നിതീഷ് കുമാർ സർക്കാർ ആവിഷ്കരിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും പാലം തകർച്ചകൾ തുടർക്കഥയാവുന്നത്.