എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ 2024-ൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഈ വർഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങൾകൂടി എയർ ഇന്ത്യയ്ക്ക് ലഭിക്കും.
ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സർവീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഇത് മാറുകയും ചെയ്യും. എയർഇന്ത്യയുടെ ഗെയിം ചേഞ്ചറാണ് എ350 വിമാനങ്ങളെന്ന് കമ്പനി സിഇഒയും എംഡിയുമായ കാംപെൽ വിൽസൺ പറഞ്ഞു.
ഇത് ഞങ്ങളുടെ യാത്രക്കാരുടെ അനുഭവം ഉയർത്തുക മാത്രമല്ല, പുതിയ റൂട്ടുകളും വിപുലീകരണത്തിനുള്ള അവസരങ്ങളും തുറക്കുകയും കൂടിയാണ് ചെയ്യുന്നത്. വിമാനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഈ നവീകരണം എയർ ഇന്ത്യയെ ലോക വ്യോമയാന മേഖലയിൽ ഉയർന്ന തലത്തിലേക്ക് തിരികെ കൊണ്ടുവരും' എയർഇന്ത്യ സി.ഇ.ഒ പറഞ്ഞു.
ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോൾസ് റോയ്‌സ് ട്രെന്റ് എക്‌സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 9,700 നോട്ടിക്കൽ മൈൽ (18,000 കി.മീ) വരെ നിർത്താതെ പറക്കാൻ സാധിക്കും, ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും നോൺസ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 ഉണ്ടാകും. മൂന്ന് ക്ലാസുകളിലായി 316 സീറ്റുകളുമായാണ് എയർ ഇന്ത്യയുടെ എ350-900 വരുന്നത്. ബിസിനസ് ക്ലാസിന് 1-2-1 കോൺഫിഗറേഷനിൽ 28 സ്വകാര്യ സ്യൂട്ടുകൾ ഉണ്ട്, ഓരോന്നിനും നേരിട്ടുള്ള ഇടനാഴി ആക്‌സസും സ്ലൈഡിംഗ് പ്രൈവസി ഡോറുകളും ഉണ്ട്.
'ഒരു ബട്ടണിൽ സ്പർശിക്കുമ്പോൾ, സ്യൂട്ട് കസേരകൾ വലിയ കിടക്കകളായി മാറും. ഓരോ സ്യൂട്ടിനും ഒരു ഷെൽഫ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഷൂകൾ,മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കായി വിശാലമായ സ്റ്റോവേജ് സ്‌പെയ്‌സും സൗകര്യപ്രദമായ ഒരു കണ്ണാടിയും ഉണ്ട്. 21 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീനും വീഡിയോ ഹാൻഡ്‌സെറ്റും യാത്രക്കാർക്ക് ആഴത്തിലുള്ള വിനോദ അനുഭവം നൽകുന്നു, ഇതോടൊപ്പം യൂണിവേഴ്‌സൽ എ/സി, യുഎസ്ബി-എ പവർ ഔട്ട്‌ലെറ്റുകൾ എന്നിവയും ഉണ്ടാകും' എയർഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
2-4-2 കോൺഫിഗറേഷനിൽ 24 പ്രീമിയം ഇക്കോണമി സീറ്റുകൾ ഉണ്ട്. 38 ഇഞ്ച് സീറ്റ് പിച്ച് ഉള്ള കാൽനീട്ടാനുള്ള ഇടം ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഓരോ സീറ്റിലും 4-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റും ലെഗ് റെസ്റ്റും ഉണ്ട്, കൂടാതെ 13.3 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ, യൂണിവേഴ്‌സൽ എസി, യുഎസ്ബി-എ പവർ ഔട്ട്‌ലെറ്റുകൾ എന്നിവയുമുണ്ടെന്ന് എയർഇന്ത്യ അറിയിച്ചു.
3-4-3 കോൺഫിഗറേഷനിൽ 264 ഇക്കോണി സീറ്റുകളാണ് വരുന്നത്. സീറ്റുകൾക്കിടയിൽ 31 ഇഞ്ച് ഇടമുണ്ട്. 12 ഇഞ്ച് എച്ച്.ഡി.ടച്ച് സ്‌ക്രീനാണ് ഇക്കോണമി ക്ലാസുകളിലുള്ളത്. ജനുവരി 22-ന് ആഭ്യന്തര സർവീസ് ആരംഭിക്കുന്ന എയർഇന്ത്യയുടെ എ350 വിമാനം ബെംഗളൂരു-ചെന്നൈ-ഡൽഹി-ഹൈദരാബാദ്-മുംബൈ റൂട്ടുകളിലാകും സർവീസ് നടത്തുക. തുടർന്ന് ഇത് അന്താരാഷ്ട്ര സർവീസുകളിലേക്ക് കടക്കും.