പാവപ്പെട്ടവരുടെ ജീവന് വിലയില്ല; മഹാരാഷ്ട്രയിലെ കൂട്ടമരണത്തില്‍ രാഹുല്‍ ഗാന്ധി

Update: 2023-10-03 02:58 GMT

മഹാരാഷ്ട്രയിലെ നന്ദേഡില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട മരണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പബ്ലിസിറ്റിക്കായി ബി.ജെ.പി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

''മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുക്ഷാമം കാരണം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചെന്ന വാര്‍ത്ത അതീവ ദുഃഖകരമാണ്. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ബി.ജെ.പി സര്‍ക്കാര്‍ അതിന്റെ പബ്ലിസിറ്റിക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവഴിക്കുന്നു, പക്ഷേ കുട്ടികള്‍ക്ക് മരുന്നിന് പണമില്ലേ?ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ല'' -രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി

കൂട്ടമരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ആശുപത്രിയിലെ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News