ബിഷ്ണോയി സംഘത്തിന്റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ: കേസെടുത്ത് പൊലീസ്

Update: 2024-10-19 10:59 GMT

എൻസിപി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയാകാമെന്ന് ഒഡിയ നടൻ ബുദ്ധാദിത്യ മൊഹന്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടൻ വിവാദ പരാമർശം നടത്തിയത്. പിന്നാലെ പൊലീസ് കേസെടുത്തു. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്യുഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മൊഹന്തിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന എൻഎസ്യുഐ പ്രസിഡന്റ് ഉദിത് പ്രധാൻ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്.

'എൻസിപി നേതാവ് ബാബ സിദ്ദീഖിനെ കൊലപ്പെടുത്തിയതിന് ശേഷം ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയായിരിക്കണം എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ഞങ്ങളുടെ നേതാവിനെതിരെ ഇത്തരമൊരു പരാമർശം സഹിക്കാൻ കഴിയില്ലെന്ന് പ്രധാൻ പറഞ്ഞു. പരാതിയ്ക്കൊപ്പം സോഷ്യൽ മീഡിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടും പൊലീസിന് സമർപ്പിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം വിവാദമായതോടെ ക്ഷമാപണവുമായി നടൻ രംഗത്ത് എത്തി. 'രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള എൻറെ അവസാന പോസ്റ്റ് ഒരിക്കലും അദ്ദേഹത്തെ ലക്ഷ്യം വെക്കാനോ അപമാനിക്കാനോ അല്ല, എൻറെ ഉദ്ദേശ്യം ഇതായിരുന്നില്ല, ആരുടെയെങ്കിലും വികാരത്തെ ബാധിച്ചുവെങ്കിൽ ആത്മാർത്ഥമായി തന്നെ ക്ഷമ ചോദിക്കുന്നു'- മൊഹന്തി ഫേസ്ബുക്കിൽ കുറിച്ചു. ഒക്ടോബർ 12നാണ് എൻസിപി അജിത് പവാർ പക്ഷം നേതാവും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. ലോറൻസ് ബിഷ്ണോയ് സംഘത്തിലേക്കാണ് പൊലീസിന്റെ അന്വേഷണം നീളുന്നത്. മൂന്നിലധികം പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News