പി.വി. അന്‍വറിന് സി.പി.ഐയുടെ വക്കീല്‍ നോട്ടീസ്

Update: 2024-10-17 12:29 GMT

സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സി.പി.ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാർത്തസമ്മേളനത്തില്‍ സി.പി.ഐ 2011ലും 2021ലും ഏറനാട് സീറ്റ് മുസ്‍ലിംലീഗിന് വിൽപന നടത്തിയതായി ആരോപിക്കുകയുണ്ടായി. 2011ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപക്ക് മുസ്‍ലിം ലീഗിന് വിറ്റു എന്നായിരുന്നു ഉന്നയിച്ച ആരോപണം.

അടിസ്ഥാനരഹിതവും, വ്യാജവുമായ ഈ ആരോപണം പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവമതിപ്പും മാനഹാനിയും ഉണ്ടാക്കിയതായി നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം വാർത്ത സമ്മേളനം വിളിച്ച് ചേർത്ത് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനായ എം. സലാഹുദ്ദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Tags:    

Similar News