വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-09-09 04:07 GMT
  • ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭരണം ഏറ്റെടുത്തത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

  • എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ വിവിധ ലോക നേക്കളും അനുശോചിച്ചു.

  • എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയായിരുന്നു അധികാര കൈമാറ്റം. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ബിട്ടണില്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ് നടപടികള്‍ ഉണ്ടാകില്ല.

  • കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് വാദത്തിനിടെ പരാമർശിച്ചു. ടർബൻ സിഖ് വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്താക്കി. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.

  • കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പേവിഷയ്ക്ക് എതിരായ വാക്സീൻറെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മലയാളിയായ സാബു സ്റ്റീഫൻ ഹർജി സമർപ്പിച്ചത്. നായയുടെ കടിയേറ്റവർക്ക് പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്നങ്ങളുണ്ടായത് സാബു സ്റ്റീഫൻറെ അഭിഭാഷകനായ വി.കെ. ബിജു പരാമർശിച്ചതിന് പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹർജി ഉടൻ പരിഗണിക്കാൻ തീരുമാനിച്ചത്.

.

  • വിഴിഞ്ഞം തുറമുഖ ഉപരോധ സമരം 25ആം ദിവസത്തിലേക്ക്. ചെറിയതുറ, കൊച്ചുതോപ്പ്, തോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. തിരുവോണ ദിനമായ ഇന്നല നിരാഹാരമിരുന്നായിരുന്നു സമരം. സമരം വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ലത്തീൻ അതിരൂപത. ഇന്ന് സമര സമിതിയുടെ യോഗം ചേരുന്നുണ്ട്.

  • കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ആശ്വാസ ജയം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 101 റണ്‍സിന്റെ കുറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (122) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് എട്ട് വിക്കറ്റ് നഷ്ടത്തല്‍ 111 റണ്‍സെടുക്കാനാണ് സാധിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്.

Tags:    

Similar News