എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യ ഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഒടുവിൽ വലിയ വിമർശനം നേരിട്ടതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രാജിയെന്നാണ് വിവരം. 3 ദിവസവും പ്രതികരിക്കാതിരുന്ന ദിവ്യ സിപിഎം നടപടിക്ക് പിന്നാലെ പ്രതികരിച്ചതും പാർട്ടി നിർദേശ പ്രകാരമാണ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. തീരുമാനം വൈകിക്കരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ട് മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നു. ദിവ്യക്കെതിരെ നടപടിയെടുത്തു. പകരം അധ്യക്ഷയായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു, അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
അതേസമയം രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് താൻ നടത്തിയതെന്നും ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്ന പാർട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ രാജി കത്തിൽ പറഞ്ഞു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 108ാം വകുപ്പു പ്രകാരമാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തത്. 10 വർഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പാണിത് (പൊലീസിനോ മജിസ്‌ട്രേട്ടിനോ ജാമ്യം നൽകാനാവില്ല). 108-ാം വകുപ്പുപ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്താൽ പ്രാഥമികാന്വേഷണം ആവശ്യമില്ലാതെ പ്രതിപ്പട്ടികയിൽ ചേർക്കണം. മുൻകൂർ ജാമ്യം ലഭിക്കണമെങ്കിൽ സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കേണ്ടി വരും. നവീൻ ബാബു മരിച്ചു മൂന്നാം ദിവസമാണ് ദിവ്യയ്‌ക്കെതിരെ കേസെടുക്കുന്നത്.