'തെറ്റ് ചെയ്യാതെ കുറ്റക്കാരിയാക്കി': പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ എസ് നായർ
കോണ്ഗ്രസ് വിട്ട പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു.
പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ കുറിച്ചു. ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി, സ്വന്തം ഫാൻ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയാണ് സരിൻ എന്നാണ് പരാതി നൽകിയതെന്ന് വീണ വിശദീകരിച്ചു.
കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോർന്നു. മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ടാർഗറ്റ് ചെയ്തു സൈബർ ആക്രമണം നടത്തി എന്നാണ് വീണ പറയുന്നത്. 2024 ജനുവരി മുതൽ ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ പൂർണാർത്ഥത്തിൽ സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരിയായി മുദ്രകുത്തപ്പെടുകയായിരുന്നു. ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ ശരിക്കുള്ള രൂപം പുറത്തുകൊണ്ടുവരണമെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കണമെന്നും കഴിഞ്ഞ 10 മാസമായി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ലെന്നും വീണ പറഞ്ഞു.
25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡലത്തിന്റെ നാഥൻ ആക്കാൻ പുറപ്പെടുന്ന സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയോർത്ത് സഹതപിക്കുന്നുവെന്ന് വീണ പറഞ്ഞു.
"മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം. പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എൻഡോസൾഫാൻ ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ കാണുന്നില്ലേ! കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ"- എന്ന് പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന് വീണ എസ് നായർ എഴുതിയ തുറന്ന കത്ത് അവസാനിപ്പിച്ചത്.