കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും.
കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. അതേസമയം പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.