ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി ഡോക്ടർമാർക്കും അനസ്തേഷ്യ വിദഗ്ധർക്കുമുള്ള പരിശീലന കോഴ്സ് സംഘടിപ്പിച്ചു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (കെ.ആർ.സി.എസ്) ബ്രിട്ടീഷ് ചാരിറ്റബിൾ ട്രസ്റ്റ് ഡേവിഡ് നോട്ടിന്റെയും സഹകരണത്തോടെയായിരുന്നു പരിശീലനം. 32 ഡോക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു. ശനിയാഴ്ച ആരംഭിച്ച കോഴ്സ് സൊസൈറ്റിയിലെ വളന്റിയർ മെഡിക്കൽ ടീമുകളെ ഒരുക്കുന്നതിനും അവർക്ക് വൈദഗ്ധ്യം നൽകുന്നതിനും സഹായിച്ചതായി കെ.ആർ.സി.എസ് മേധാവി ഡോ.ഹിലാൽ അൽ സയർ പറഞ്ഞു.
ഗാസയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ഇത് സഹായിക്കും. സംഘത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനവും ഡോക്ടർമാരുടെ സേവനവും ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്തിലെ ബ്രിട്ടീഷ് എംബസിയുടെ ചുമതലയുള്ള സണ്ണി അഹമ്മദ് പറഞ്ഞു. പരിശീലന കോഴ്സിന് ധനസഹായം നൽകുന്നതിനും സംഘടിപ്പിക്കുന്നതിനും പങ്കാളികളായ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയോടുള്ള നന്ദിയും അവർ അറിയിച്ചു.
കുവൈത്ത് മാനുഷിക പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും ഇത് രാജ്യനയത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഡേവിഡ് നോട്ട് ചാരിറ്റിയുടെ സഹസ്ഥാപകൻ ഡോ.എല്ലി നോട്ട് പറഞ്ഞു. ഡേവിഡ് നോട്ട് ചാരിറ്റിയുമായുള്ള ഫലപ്രദമായ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. നേരത്തെ രണ്ടു ഘട്ടങ്ങളിലായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഗാസയിലെത്തി ചികിത്സ നടത്തിയിരുന്നു. ഗാസയിലെ രണ്ടു ആശുപത്രികളിലായി നിരവധി ശസ്ത്രക്രിയകളാണ് കുവൈത്ത് സംഘം പൂർത്തിയാക്കിയത്. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളിൽ ഗാസയിലെ ആരോഗ്യ സംവിധാനം തകർന്നിരിക്കുകയാണ്.