കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാൻ അനുവദിച്ച സമയം അവസാനത്തിലേക്ക്
ബയോമെട്രിക് പൂർത്തിയാക്കാൻ പ്രവാസികൾക്ക് അനുവദിച്ച സമയപരിധി അവസാനത്തിലേക്ക്. ഡിസംബർ 31വരെയാണ് പ്രവാസികൾക്ക് അനുവദിച്ച സമയം.
ഇതിനകം 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിലെ പേഴ്സനൽ ഐഡന്റിഫിക്കേഷൻ ഡിവിഷൻ ഡയറക്ടർ നായിഫ് അൽ മുതൈരി അറിയിച്ചു. ഡിസംബർ 31 വരെ സമയമുണ്ടെങ്കിലും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രവാസികളോട് അദ്ദേഹം അഭ്യർഥിച്ചു.
ഏകദേശം 98 ശതമാനം കുവൈത്തികളും ഇതിനകം ബയോമെട്രിക് നടപടികൾ പൂർത്തീകരിച്ചു. 20,000 പൗരന്മാർ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അൽ മുതൈരി അറിയിച്ചു.
ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ ഇടപാടുകളും ഡിസംബർ അവസാനത്തോടെ താത്കാലികമായി നിർത്തിവെക്കുമെന്നാണ് സൂചന. കുവൈത്ത് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. സ്വദേശികളുടെ എല്ലാ
സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളും താത്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഇനി നീട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.