രാജ്യത്ത് ചൂട് കനത്തതോടെ വൈദ്യുതി-ജല ഉപഭോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ രാജ്യത്തെ വൈദ്യുതി ഉപയോഗം 17,360 മെഗാവാട്ട് പിന്നിട്ടു. ആദ്യമായാണ് ഇത്ര ഉയര്‍ന്ന ഉപഭോഗം രേഖപ്പെടുത്തുന്നത്. എന്നാല്‍, സൂചിക ഇപ്പോഴും സുരക്ഷിതമായ ‘ഗ്രീൻ’ സോണിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പല ഭാഗത്തും താപനില വർധിച്ച് 50 ഡിഗ്രിക്ക് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ താപനില ഉയരുന്നതോടെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം വരുത്തിയാണ് ഉയർന്ന ഉപഭോഗത്തെ മറികടന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു.
ഗൾഫ് ശൃംഖലയിൽ നിന്നും 700 മെഗാവാട്ട് ലഭിച്ചതോടെ രാജ്യത്തെ മൊത്തം ഉല്പാദനം 17,900 മെഗാവാട്ടായി വര്‍ധിച്ചിട്ടുണ്ട്. അതിനിടെ, വൈദ്യുതി, ജലം എന്നിവയുടെ അമിത ഉപഭോഗം കുറക്കാനും സ്വയം നിയന്ത്രണം പാലിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു. വൈദ്യുതി ഉപകരണങ്ങൾ അനാവശ്യമായി ഉപയോഗിക്കരുത്. എയർ കണ്ടീഷനുകൾ 24 ഡിഗ്രി സെൽഷ്യസായി സെറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.