കുവൈത്തിലെ റെഡ് പാലസ് മുഖം മിനുക്കുന്നു ; നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി
ജഹ്റയിലെ റെഡ് പാലസ്, മ്യൂസിയം എന്നിവ ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി സന്ദർശിച്ചു. നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സറും കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചരിത്രപരമായ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.
റോഡ്, നടപ്പാതകൾ, ടെറസുകൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുടെ നവീകരണം ഉൾപ്പെടെയുള്ള പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പുരോഗതി അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. ശൈഖ് മുബാറക് അസ്സബയുടെ ഭരണകാലത്ത് നിർമിച്ച റെഡ് പാലസ് കുവൈത്തിന്റെ ചരിത്രപരമായ അടയാളങ്ങളിലൊന്നാണ്. രാജ്യത്തിന്റെ തനതായ വാസ്തുവിദ്യയും മരുഭൂമിയുടെ പ്രകൃതിയും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ നിർമിതി.