തീപിടിത്തം വർധിക്കുന്നു ; കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി ഫയർഫോഴ്സ്
രാജ്യത്ത് തീപിടിത്തങ്ങൾ വർധിച്ചതോടെ സുരക്ഷാ മുന്നറിയിപ്പുമായി കുവൈത്ത് ഫയർഫോഴ്സ്. തീപിടിത്തം തടയുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ സ്വദേശികളോടും പ്രവാസികളോടും ഫയർഫോഴ്സ് അഭ്യർഥിച്ചു.നിലവിൽ രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇതിനാൽ തന്നെ ചെറിയ അശ്രദ്ധകൾ വൻ ദുരന്തങ്ങൾക്ക് കാരണമാകാം.
വൈദ്യുതി പ്രധാന വില്ലൻ
ഇലക്ട്രിക്ക് സർക്യൂട്ടുകളിൽനിന്നുള്ള തകരാറുകളാണ് തീപിടിത്തത്തിന്റെ പ്രധാന കാരണം. ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ അമിതഭാരം പലപ്പോഴും വൈദ്യുത തകരാറുകൾക്ക് കാരണമാകും.
ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യണം. ഊർജ്ജ ഉപഭോഗം കുറക്കുന്നതിനും തീപിടിത്തത്തിലേക്ക് നയിച്ചേക്കാവുന്ന വൈദ്യുതി തകരാറുകൾ തടയുന്നതിനും ഇത് സഹായിക്കും.
താമസസ്ഥലത്തുനിന്നും സ്ഥാപനങ്ങളിൽനിന്ന് പുറത്തുപോകുമ്പോൾ ഇത് ശ്രദ്ധിക്കണം. ഇലക്ട്രിക്കൽ പ്ലഗുകളിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
ഗ്യാസ് സുരക്ഷിതമാക്കണം
ഗ്യാസ് സ്റ്റൗവ് എല്ലായിപ്പോഴും അപകടകാരികളാണ്. ഇവ കൃത്യമായി പരിപാലിക്കണം. ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതവും ചോർന്നൊലിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഉപയോഗത്തിലില്ലാത്തപ്പോൾ ഗ്യാസ് ലിവർ ഓഫ് ചെയ്യുന്നത് സ്റ്റൗവിന്റെ സുരക്ഷക്കും നല്ലതാണ്. തീ പിടിക്കുന്ന വസ്തുക്കൾ സ്റ്റൗവിന് സമീപം സൂക്ഷിക്കരുത്. കിടപ്പുമുറികളിലും ഇടുങ്ങിയ സ്ഥലങ്ങളിലും ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
അഗ്നിപ്രതിരോധ ഉപകരണങ്ങൾ കരുതാം
ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ തുടങ്ങിയ അഗ്നിബാധ തടയുന്നതിനുള്ള ഉപകരണങ്ങൾ എല്ലാവരുടെയും കൈവശം ഉണ്ടായിരിക്കണമെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിഞ്ഞിരിക്കണം. അഗ്നിബാധ തടയുന്നതിനും, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജനങ്ങൾക്ക് അറിവുണ്ടാകണം. കടലിൽ പോകുന്നവരും തീപിടിക്കുന്ന വസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കണം. ബോട്ടുകളിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണം.
എലിവേറ്ററിനുള്ളിൽ ആശങ്ക വേണ്ട
എലിവേറ്ററിനുള്ളിലായിരിക്കുമ്പോൾ വൈദ്യുതി മുടങ്ങിയാൽ ശാന്തത പാലിക്കുക. ഈ സമയം പുറത്തുകടക്കാനോ വാതിൽ തുറക്കാനോ ശ്രമിക്കരുത്.
എമർജൻസി ബട്ടൺ അമർത്തി സഹായം അഭ്യർഥിക്കാം. 112 എമർജൻസി ഹോട്ട്ലൈൻ ഡയൽ ചെയ്ത് അധികൃതരെ വിവരം അറിയിക്കാം.
താപനില ഉയരുന്നതോടെ വാഹനങ്ങൾക്കും തീപിടിക്കുന്നത് പതിവാണ്.
വാഹന ഉടമകൾ, ഓയിലും വെള്ളവും മാറ്റുന്നതുൾപ്പെടെയുള്ള കാർ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണം. തീപിടിക്കുന്ന വസ്തുക്കൾ കാറിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം.പ്രത്യേകിച്ച് ഉച്ചക്ക് ചൂട് കൂടുതലുള്ള സമയങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. തണലുള്ള ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടണം.