കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബക്കിങ്ഹാം കൊട്ടാരം സന്ദർശിച്ച് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ തലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ചാൾസ് മൂന്നാമൻ രാജാവിന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി കൈമാറി.
കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയുടെയും ദൃഢതയുടെയും തെളിവാണ് കിരീടാവകാശിയുടെ സന്ദർശനമെന്ന് ചാൾസ് മൂന്നാമൻ രാജാവ് പറഞ്ഞു. രാജാവിന്റെ ക്ഷണപ്രകാരമാണ് കിരീടാവകാശി ബ്രിട്ടൻ സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷം കിരീടാവകാശിയും പ്രതിനിധി സംഘവും വ്യാഴാഴ്ച ഉച്ചയോടെ കുവൈത്തിലേക്ക് തിരിച്ചു. ബ്രിട്ടനിലെ കുവൈത്ത് അംബാസഡർ ബാദർ അൽ അവധി, കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ കിരീടാവകാശിക്ക് വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി.