ശസ്ത്രക്രിയയ്ക്ക് ഇനി അത്യാധുനിക റോബോർട്ടിക് സഹായം; ആരോഗ്യമേഖലയിൽ കുതിപ്പുമായി കുവൈറ്റ്
ഗുരുതര രോഗങ്ങളുടെ ചികിത്സക്ക് ഇനി അത്യാധുനിക റോബോട്ടിക് സർജറി സഹായം. ശൈഖ് സബാഹ് അഹ്മദ് യൂറോളജി സെന്ററിൽ ശസ്ത്രക്രിയക്ക് അത്യാധുനിക റോബോട്ടുകളെ സജ്ജീകരിച്ചു. കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച രോഗിയുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കുന്ന ശസ്ത്രക്രിയ റോബോട്ടിന്റെ സഹായത്തോടെ വിജയകരമായി നടത്തി. ഡാവിഞ്ചി സി എന്ന സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയാണ് സര്‍ജറി പൂർത്തിയാക്കിയത്. യൂറോളജി വിഭാഗം മേധാവിയും റോബോട്ടിക് സർജനുമായ അലി അബ്ദുൽ വഹാബാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
സർജിക്കൽ റോബോട്ടുകളുടെ സഹായത്തോടെ വേദന കുറച്ച്, കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയും. റോബോട്ട് പിന്തുണയോടെ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ കുറഞ്ഞ അളവിലെ രക്തനഷ്ടമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഡാവിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിക്കുന്നതിലൂടെ അണുബാധക്കുള്ള സാധ്യതയും കുറയും. ആശുപത്രിയിൽ കഴിയുന്നതും കുറഞ്ഞ കാലത്തേക്ക് മതിയാകുമെന്നും ഡോ. അലി അബ്ദുൽ വഹാബ് പറഞ്ഞു. നേരത്തേ ജാബിർ ആശുപത്രിയിൽ ഉദരസംബന്ധമായ പ്രശ്നങ്ങളുള്ള രോഗികൾക്ക് റോബോട്ടുകളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയിരുന്നു.