സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും ഇടയാക്കിയ ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സൊമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മുഹമ്മദിന് അനുശോചന സന്ദേശം അയച്ചു.
സോമാലിയൻ സർക്കാറിനെയും ഇരകളുടെ കുടുംബങ്ങളെയും സന്ദേശത്തിൽ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. തങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും എതിരായ ഭീഷണികളെ ചെറുക്കുന്നതിൽ സോമാലിയൻ സർക്കാറിനോടും ജനങ്ങളോടും കുവൈത്തിന്റെ അചഞ്ചലമായ ഐക്യദാർഢ്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു കഫേക്ക് പുറത്ത് കാർ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.