രാജ്യത്തിന് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സംരക്ഷിക്കാൻ സഹേൽ ആപ്പ്

Update: 2023-08-14 05:38 GMT

സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്.

ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാക്കുന്നത് തടയുവാന്‍ സാധിക്കും. കുവൈത്തി സ്പോൺസർ ആണ് സഹേല്‍ ആപ്പ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്.

എന്നാൽ തൊഴിലാളിയുടെ വിസ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ്പ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലേറെ വരിക്കാരാണ് സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News