കുവൈത്തിൽ റമദാനിൽ സംഭാവന പിരിക്കുന്നതിൽ നിയന്ത്രണം; പണം നൽകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
റമദാനിൽ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം തുടര്‍ന്ന് കുവൈത്ത്. നിയമങ്ങളിൽ വീഴ്ച വരുത്തിയ 10 ചാരിറ്റികളുടെ പണപ്പിരിവ് നടത്താനുള്ള അനുമതി പിന്‍വലിച്ചു. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി നല്കിയ സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിലവില്‍ പണം പിരിക്കാൻ അനുമതി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നേരത്തെ 35 കിയോസ്കുകൾ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അനധികൃത പണപ്പിരിവ് നടത്തിയ 20ലധികം കേസുകള്‍ രാജ്യത്ത് രജിസ്റ്റർ ചെയ്തതായി പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. പിടികൂടിയവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
അനധികൃത പണപ്പിരിവുകൾ നിരീക്ഷിക്കുന്നതിനായി പരിശോധനാ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. സംഭാവന നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ നിന്ന് പണം പിരിക്കുന്നവര്‍ മന്ത്രാലയത്തിന്റെ സമ്മത പത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാര്‍ഡും പ്രദര്‍ശിപ്പിക്കണം. വ്യക്തികളിൽ നിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കുന്ന രീതി അനുവദിക്കില്ല.
ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ-നെറ്റ് സംവിധാനം എന്നിവ വഴിയായിരിക്കണം സംഭാവനകൾ നല്‍കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ചാരിറ്റി സംഭാവനകളുടെ പേരിൽ വ്യാജന്മാരും സജീവമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാജ ലിങ്കുകൾ അയച്ചാണ് ഇവർ പണം തട്ടുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.