സുഡാനിൽ ആഭ്യന്തര യുദ്ധത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്).
10 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള മൂന്നാമത്തെ വിമാനം കഴിഞ്ഞ ദിവസം സുഡാനിലെത്തി. പോർട്ട് സുഡാനിലെത്തിയ വിമാനത്തെ സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ ദഫീരിയും സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റി അധികൃതരും ചേർന്ന് സ്വീകരിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം സുഡാനെ സഹായിക്കാൻ കുവൈത്ത് ബ്രിഡ്ജിന്റെ ഭാഗമാണ് സഹായ വിമാനമെന്നും സഹായം അയക്കുന്നത് തുടരുമെന്നും അൽ ദഫീരി പറഞ്ഞു.
മാനുഷിക പ്രവർത്തനങ്ങളിൽ കുവൈത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ അഭിനന്ദിക്കുന്നതായി സുഡാനീസ് റെഡ് ക്രസന്റ് ഉദ്യോഗസ്ഥൻ ബറകത്ത് ബദ്രി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ സഹായ വിതരണത്തിനായി കുവൈത്ത് എംബസിയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.