മാനുഷിക സഹായ ദൗത്യത്തിന്റെ ഭാഗമായി അർമീനിയയിലെ 1,500 വ്യക്തികൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. അർമീനിയൻ റെഡ് ക്രോസ് സൊസൈറ്റിയുമായി (എ.ആർ.സി.എസ്) സഹകരിച്ച് ഷിറാക്, സെവൻ, യെരേവൻ എന്നീ പ്രദേശങ്ങളിലാണ് സഹായം വിതരണം ചെയ്തതെന്ന് കെ.ആർ.സി.എസ് ഫീൽഡ് ടീം മേധാവി ഖാലിദ് അൽ മുതൈരി പറഞ്ഞു.
പ്രായമായവർ, കുട്ടികൾ, ദുർബലർ എന്നിവരെ ലക്ഷ്യമാക്കിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. ഭക്ഷണം, പുതപ്പുകൾ, ഹീറ്ററുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയ അവശ്യവസ്തുക്കൾ നൽകി. അർമീനിയയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യം അറിയിച്ച ഖാലിദ് അൽ മുതൈരി എ.ആർ.സി.എസിന്റെ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചു. ദുരിതബാധിതർക്ക് സഹായം നൽകുന്നതിൽ കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യവും ഉണർത്തി. നഗോർണോ-കറാബാഖ് മേഖലയിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ സഹായിക്കുന്നതിനായി കഴിഞ്ഞ ആഴ്ച കെ.ആർ.സി.എസ് അർമീനിയയിൽ മാനുഷിക സഹായ കാമ്പയിന് തുടക്കമിട്ടിരുന്നു.