പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ശക്തമായി അപലപിച്ച് കുവൈത്ത്
പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന കൂട്ടക്കൊലകളെയും ദുരിതാശ്വാസ സംഘങ്ങൾക്ക് നേരെയുള്ള ബോധപൂർവമായ ആക്രമണങ്ങളെയും കുവൈത്ത് ശക്തമായി അപലപിച്ചു. തെക്കൻ ഗാസ്സ മുനമ്പിലെ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണം കുവൈത്ത് ചൂണ്ടിക്കാട്ടി. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ മാനിക്കാതെ ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾ ചെയ്യുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെടാനും യു.എൻ രക്ഷാ കൗൺസിലിനോട് കുവൈത്ത് വീണ്ടും ആഹ്വാനം ചെയ്തു. ശനിയാഴ്ച ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടിരുന്നു. 289 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന ലക്ഷ്യമിട്ടു.