രാജ്യത്ത് ചൊവ്വാഴ്ച മുതൽ ജെമിനി രണ്ടാം സീസണ് ആരംഭിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. 13 ദിവസം നീളുന്ന ജെമിനി സീസണിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകും. ജെമിനി രണ്ടാം സീസണിൽ പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. പകൽ സമയം 13 മണിക്കൂറും 50 മിനിറ്റും രാത്രി സമയം 10 മണിക്കൂറും 10 മിനിറ്റും വരെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊടും ചൂടും സീസണിന്റെ അവസാനത്തിൽ ചൂടുള്ള വടക്കൻ കാറ്റും ഉള്ളതിനാൽ ‘ബഹൂറ വേനൽ’ എന്നാണ് ജെമിനി രണ്ടാം സീസണ് അറിയപ്പെടുന്നത്. ഈ സീസണിൽ രാത്രിയിൽ പോലും ശക്തമായ കാറ്റും ഈർപ്പവും താപനിലയില്‍ വർധനവ് ഉണ്ടാക്കും. പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോഡ് തലത്തിലേക്ക് എത്തും. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾക്കാകും രാജ്യം സാക്ഷിയാകുക. കനത്ത ചൂടിൽ സൂര്യാഘാതം, ക്ഷീണം, തീപിടിത്തങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി. ഈ കാലയളവിൽ ജാഗ്രതയും ശ്രദ്ധയും നിലനിർത്തുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ്.
ജെമിനി രണ്ടാം സീസണ് അവസാനത്തോടെ മിർസാം സീസണിന് തുടക്കമാകും. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെയും സവിശേഷത. ചൂട് അതിന്റെ പാരമ്യത്തിലെത്തും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.