ജി.സി.സി റെയിൽവേ പദ്ധതിയുടെ ഭാഗമായുള്ള കുവൈത്ത്-സൗദി റെയിൽ പാത നടപടികൾ മുന്നേറുന്നു. 2026ൽ പാത യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക-സാമൂഹിക സാധ്യതാ പഠന ഫലങ്ങൾ പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ചു.ആവശ്യമായ നടപടിക്രമങ്ങൾക്കുശേഷം ഉടൻ തന്നെ പ്രാരംഭ രൂപകൽപനയും പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്കും കടക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യങ്ങൾ റിപ്പോർട്ടുചെയ്തു.
വിഷയത്തിൽ കുവൈത്തും സൗദി അറേബ്യയും തമ്മിൽ നിരന്തരം കൂടിക്കാഴ്ചകളും പ്രോജക്ട് സൈറ്റിന്റെ പരിശോധനകളും നടത്തിവരുന്നുണ്ട്. ദിവസേന ആറ് ട്രിപ്പുകളിലായി 3,300 യാത്രക്കാർക്ക് സഞ്ചരിക്കാനും ഏകദേശം 500 കിലോമീറ്റർ ഒരു മണിക്കൂറും 40 മിനിറ്റും ഓടിയെത്താനും കഴിയും വിധത്തിലാണ് രൂപകൽപ്പന.
യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ.പ്രോജക്ട് പ്ലാൻ അനുസരിച്ച് നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക സമന്വയത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കുവൈത്ത്-സൗദി പദ്ധതികളുടെ ഒരു പരമ്പരയുടെ ഭാഗമാണിത്.
കുവൈത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്നതാണ് ജി.സി.സി റെയിൽവേ പദ്ധതി. ജി.സി.സി സാമ്പത്തിക ഏകീകരണവും സുസ്ഥിര വികസനവും വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന സുപ്രധാന പദ്ധതിയാണ് ഇത്.
കുവൈത്ത് മുതൽ സൗദി അറേബ്യയിലെ ദമാം വരെയും പിന്നീട് ബഹ്റൈനിലേക്കും ഖത്തറിലേക്കും നീളുന്ന 2,217 കിലോമീറ്റർ നീളമുള്ള റെയിൽപാതയാണ് പദ്ധതി. പാത സൗദി അറേബ്യയിൽ നിന്ന് അബൂദബി, അൽ ഐൻ, മസ്കത്ത് എന്നിവിടങ്ങളിലേക്കും നീളും.