മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. 27 കിലോഗ്രാം ഹാഷിഷും കഞ്ചാവും 200 സൈക്കോട്രോപിക് ലഹരിവസ്തുക്കളും ആയുധങ്ങളും പണവും പ്രതികളില്‍ നിന്ന് പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഡ്രഗ് കൺട്രോൾ വിഭാഗം കസ്റ്റംസുമായി സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ, സിറിയൻ, ഇന്ത്യൻ താമസക്കാർ, രണ്ട് അനധികൃത താമസക്കാർ എന്നിവരടങ്ങുന്ന സംഘമാണ് പിടിയിലായത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.