മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയുടെ മുകളിലെ ഇലക്ട്രിക്കൽ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കുകളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ തീ നിയന്ത്രിച്ചതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദിയും ആക്ടിങ് കെ.എഫ്.എഫ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ലയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രി ജീവനക്കാരും രോഗികളും സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ സേവനങ്ങൾ തടസ്സപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.