രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനവും ഉപഭോഗവും സ്ഥിരത കൈവരിക്കുന്നു. അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുമ്പോഴും ഉപഭോഗം 16,000 മെഗാവാട്ടിൽ താഴെ നിലനിർത്താന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഹവല്ലി സി സബ്സ്റ്റേഷനിൽ മൂന്ന് സബ് ഫീഡറുകൾ തകരാറായതിനെ തുടര്‍ന്ന് ഹവല്ലി, അൽ-ഷാബ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങി.
എന്നാല്‍, അടിയന്തര സംഘം സ്ഥലത്തെത്തി ഉടന്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ജൂൺ മധ്യത്തോടെ താപനിലയിൽ വൻ വർധനവുണ്ടായി. നിലവില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്ഷ്യസിനോടടുത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വൈദ്യുതി ഉപഭോഗവും കൂടി.
പ്രതിദിന വൈദ്യുതി ലോഡ് 16000 മെഗാവാട്ടിലും കൂടുതല്‍ രേഖപ്പെടുത്തി. ചൂട് കൂടിയതിനനുസരിച്ച് എ.സികളുടെ ഉപയോഗവും വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ ഇടയാക്കിയത്. വൈദ്യുതി ഉപഭോഗം പ്രതീക്ഷിച്ചതിലും ഉയർന്നതോടെ പവർകട്ട് അടക്കമുള്ള നടപടികളിലേക്കും അധികൃതർ നീങ്ങി. രാജ്യത്തിന്റെ പലയിടങ്ങളിലായി രണ്ടുമണിക്കൂർ വീതം പവർകട്ട് ഏർപ്പെടുത്തുകയുമുണ്ടായി. ഇതിനൊപ്പം വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കുറക്കാനും മറ്റുമുള്ള ബോധവത്കരണത്തിനും തുടക്കമിട്ടു. നിയന്ത്രണങ്ങളും ബോധവത്കരണവും ഗുണം ചെയ്തെന്നാണ് നിലവിലെ ഫലങ്ങൾ നൽകുന്ന സൂചന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും കനത്ത ചൂട് നിലനിൽക്കുന്നതിനാൽ ശ്രദ്ധയോടെയുള്ള ഉപഭോഗം ഇനിയും അനിവാര്യമാണ്.