ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല മെഷാൽ അസ്സബാഹ്, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ശൈഖ് ഹംദാനെയും പ്രതിനിധി സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായി ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. യു.എ.ഇ ഉന്നത നേതൃത്വത്തിന്റെ സ്നേഹാശംസകൾ ശൈഖ് ഹംദാൻ കൈമാറി. യു.എ.ഇ നേതൃത്വത്തിന് കുവൈത്ത് നേതൃത്വവും ആശംസകൾ നേർന്നു.
സാധ്യമായ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും വിലയിരുത്തി.