കുവൈത്തിൽ പൊതുമാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ; തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം

Update: 2024-03-17 03:31 GMT

കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ് കാലാവധി. അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ പിഴയടച്ചു രേഖകള്‍ നിയമപരമാക്കാനോ അവസരമൊരുക്കിക്കൊണ്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസമാകും.

ഇതോടെ സാധുവായ രേഖകളില്ലാതെ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് ആണ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്.

റമദാൻ മാസത്തോടനുബന്ധിച്ചാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. രാജ്യത്ത് നിലവില്‍ 1,10,000 നിയമ ലംഘകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ അല്ലെങ്കില്‍ വിസ നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അഭ്യന്തര മന്ത്രാലയം പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാം. ഇത്തരക്കാർക്ക് വീണ്ടും മറ്റൊരു വര്‍ക്ക്‌ വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാമെന്നും അധികൃതര്‍ വ്യക്തമാക്കി

രാജ്യത്ത് തുടരാൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴ അടച്ചാൽ വിസ രേഖകള്‍ സാധുതയുള്ളതാക്കാം. 600 ദിനാര്‍ വരെ ആയിരിക്കും പരമാവധി പിഴ ഈടാക്കുക. സാമ്പത്തിക കേസുകളില്‍ യാത്രാ വിലക്ക് നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ രാജ്യം വിടാന്‍ സാധിക്കുകയുള്ളൂ.

2020 ഏപ്രിലിലാണ് ഏറ്റവും ഒടുവിൽ പൊതുമാപ്പ് അനുവദിച്ചത്. വിസാ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായി കുവൈത്തില്‍ താമസിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികള്‍ക്ക് പൊതുമാപ്പ് തീരുമാനം ഏറെ ആശ്വാസമാകും.

Tags:    

Similar News