രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ഞായറാഴ്ച അവസാനിച്ചു. ഇതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന വരും ദിവസങ്ങളിൽ ശക്തമാക്കും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധന ക്യാമ്പയിനുകളും സജീവമാകും. നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റുകയും കുവൈത്തിൽ നിന്ന് അവരുടെ നാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്യും. ഇത്തരത്തില്‍ നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല.
നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും. മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടുകയായിരുന്നു. ഇതിനകം താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും അവസരം നൽകിയിരുന്നു. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും അനുവദിച്ചിരുന്നു.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ താമസ നിയമലംഘകര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. നിലവില്‍ ഇതില്‍ പകുതി പേര് മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ചിട്ടുള്ളത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരുടെ കണക്കുകൾ ആഭ്യന്തര മന്ത്രാലയം വൈകാതെ പുറത്തുവിടുമെന്നാണ് സൂചന.