ഇറാനിലെ ഹെലികോപ്ടർ ദുരന്തത്തിന്റെ ഞെട്ടലിൽ കുവൈത്ത്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ എന്നിവരുടെയും പ്രതിനിധി സംഘത്തിന്റെയും വിയോഗത്തിൽ കുവൈത്ത് അനുശോചിച്ചു. ഇറാൻ പ്രസിഡന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന് സന്ദേശം അയച്ചു. മരിച്ചവരുടെ കുടുംബങ്ങളെയും അമീർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ഇറാൻ ജനതക്കും അമീർ ക്ഷമയും ആശ്വാസവും നേർന്നു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന് അനുശോചന സന്ദേശം അയച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ഇറാൻ ജനതക്കും സന്ദേശത്തിൽ പ്രധാനമന്ത്രി ക്ഷമയും ആശ്വാസവും നേർന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.