കുവൈത്തിൽ കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

Update: 2022-11-23 08:23 GMT


കുവൈത്ത് സിറ്റി : കുവൈത്തില്‍ താമസക്കാര്‍ക്ക് കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്‌സ് അഫയേഴ്‌സ് വിഭാഗമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് നിലവില്‍ അവസരം നല്‍കുക.

കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിന് വേണ്ട എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുക. തിങ്കളാഴ്ച മുതല്‍ എല്ലാ എമിഗ്രേഷന്‍ വകുപ്പുകളും ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും ഫാമിലി വിസകള്‍ അനുവദിക്കുക. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിയുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചകൊണ്ടുതന്നെ അവര്‍ക്ക് കുടുംബങ്ങളോടൊപ്പം രാജ്യത്ത് താമസിക്കാനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം സന്ദര്‍ശക, ആശ്രിത വിസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

Similar News