കുവൈത്തിൽ ഫാമിലിവിസകൾ അനുവദിച്ച് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

Update: 2022-11-21 08:29 GMT

  

കുവൈത്ത് സിറ്റി : ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയ താമസകാര്യ വകുപ്പ് റിപ്പോർട്ടുകൾ നൽകിയതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഘട്ടം ഘട്ടമായായിരിക്കും വിസയിലെ മാറ്റങ്ങൾ നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ - ഭര്‍ത്താക്കന്മാരെയും, ശേഷം മാതാപിതാക്കളെയും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും ഫാമിലി വിസകള്‍ അനുവദിക്കുക. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിയുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചകൊണ്ടുതന്നെ അവര്‍ക്ക് കുടുംബങ്ങളോടൊപ്പം രാജ്യത്ത് താമസിക്കാനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

ചെറിയ കുട്ടികളെ കൊണ്ടുവരുന്നതിന് ശമ്പള പരിധി സംബന്ധിച്ച നിബന്ധന ബാധകമാക്കിയേക്കില്ല. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചേക്കും. അതേസമയം സന്ദര്‍ശക, ആശ്രിത വിസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിസാ പരിഷ്കരണം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ശമ്പള നിബന്ധന ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുമോ എന്നുള്ളതും വ്യക്തമല്ല. നിലവില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകളും ആശ്രിത വിസകളും അനുവദിക്കാത്തതു മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

Similar News