പുകവലി തടഞ്ഞ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ച് ഈജിപ്ഷൻ പ്രവാസികൾ,ഇവരെ നാടുകടത്തും

Update: 2022-11-08 07:17 GMT


കുവൈത്ത് സിറ്റി : പുകവലി തടഞ്ഞ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഈജിപ്ഷ്യൻ യുവാക്കൾ. കുവൈത്തില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച ഈജിപ്ഷ്യൻ പ്രവാസികള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ദജീജ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒരു ഈജിപ്ത് സ്വദേശി കടക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്കരുതെന്ന് ഈജിപ്ത് സ്വദേശിയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രവാസി, ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റ് പ്രവാസികളെ കൂടി വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് 10 ഈജിപ്ത് സ്വദേശികള്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാണ് പ്രവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നിന്നു, രാജ്യത്തെ നിയമങ്ങള്‍ പാലിച്ചില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. പിടിയിലായ പ്രവാസികളെ നാടുകടത്തും

Similar News