യുഎഇ - ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ

Update: 2023-04-01 11:43 GMT

അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി യോഗം ചേർന്ന ശേഷം ആണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളർ ആണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും.

ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ആണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള റെയിൽ പദ്ധിയുമായി ബന്ധപ്പെട്ട യോഗം നടന്നത്. യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി, ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി റെയിൽവേ ബോർഡ് വൈസ് ചെയർമാനുമായ സഈദ് അൽ മവാലി, ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ചെയർമാൻ സുഹൈൽ അൽ മസ്റൂയി, എന്നിവർ പങ്കെടുത്തു. യോഗത്തിൽ എൻജിനീയറിങ് ഡിസൈൻ അവലോകനവും സിസ്റ്റം പഠനങ്ങളുടെ ഫലങ്ങൾ ചർച്ച ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളും ആയിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. 303 കി.മീറ്റർ പാതയുടെ വികസനത്തിനായി അബുദാബിയിലെ നിക്ഷേപ സംവിധാനമായ 'മുബാദല'യുമായി കഴിഞ്ഞമാസം കരാർ ഒപ്പുവെച്ചിരുന്നു. ഇതും യോഗം ചർച്ച ചെയ്തു.

ട്രെയിൻ സർവിസ് ആരംഭിക്കുന്നതോടെ അബുദാബിയും ഒമാനും തമ്മിലുള്ള യാത്ര സമയം കുറയും. അബുദാബിയെ ഒമാൻ തുറമുഖ നഗരമായ സുഹാർ തമ്മിൽ ആണ് ബന്ധിപ്പിക്കുന്നത്. 303 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഒടുക. ഒമാനിൽ നിന്നും അബുദാബിയിൽ എത്താൻ ഒരുമണിക്കൂർ 40 മിനുറ്റായി കുറയും. ഒമാനിലെ സുഹാറിൽ നിന്നും അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായി കുറയും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗത്തിൽ ആയിരിക്കും സഞ്ചരിക്കുന്നത്. വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടെയ്നറുകളും രണ്ട് രാജ്യങ്ങൾക്കിടയിലുമായി എത്തിക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്. റെയിൽപാത വരുന്നത് രണ്ട് രാജ്യങ്ങൾക്കും ഇടയിൽ വിനേത സഞ്ചാരികളെ കൂട്ടാൻ സാധ്യതയുണ്ട്. ഇതുകാരണം കൂടുതൽ നിക്ഷേപം ഈ മേഖലയിൽ എത്തും. പദ്ധതി എന്ന് പൂർത്തിയാകും എന്ന കാര്യത്തിൽ അധികൃതർ ഇതവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.

Tags:    

Similar News