പൊതുഗതാഗത രംഗത്തു പുതുവിപ്ലവം; ഷാർജയിൽ ഇലക്ട്രിക് ബസുകൾ ഓട്ടം തുടങ്ങി
ഷാർജ എമിറേറ്റിലും ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങി. ദുബൈ, അജ്മാൻ, അൽ ഹംറിയ നഗരം ഉൾപ്പെടെ മൂന്ന് ഇന്റർസിറ്റി റൂട്ടുകളിലായി പത്തു ബസുകളാണ് ആദ്യഘട്ടം സർവിസ് നടത്തുകയെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം കുറക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ക്ലൈമറ്റ് ന്യൂട്രാലിറ്റി 2050 സംരംഭത്തെ പിന്തുണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഹരിത പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കലുമാണ് ഷാർജ ലക്ഷ്യമിടുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ വ്യക്തമാക്കി. ഇന്റർസിറ്റി ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സഹകരണത്തിൽ എമിറേറ്റിലെ പ്രധാന ഡിപ്പാർടുമെന്റുകളുടെ പഠനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് റൂട്ടുകൾ തിരഞ്ഞെടുത്തത്. യാത്രക്കാരുടെ എണ്ണവും ആവശ്യകതയും കൂടുതലുള്ള സ്ഥലങ്ങളാണ് പഠനത്തിൽ മാനദണ്ഡമാക്കിയത്. ആദ്യഘട്ട സർവിസ് വിജയമായാൽ മറ്റിടങ്ങളിലേക്കും ഇലക്ട്രിക് ബസ് സർവിസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. കിങ് ലോങ് മോഡൽ ബസുകളാണ് സർവിസിന് ഉപയോഗിക്കുക. ഒമ്പത് മീറ്റർ നീളവും നിരവധി സവിശേഷതകളുമുള്ള ബസിന് 41 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
മാത്രമല്ല അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബസിന് യൂറോപ്യൻ സുരക്ഷ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസ് പൂർണമായും ശീതീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക്, ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഹൗസ് ബസുകൾ സെപ്റ്റംബർ 12 മുതൽ അബൂദബിയിൽ സർവിസ് ആരംഭിച്ചിരുന്നു. മറീന മാളിലും അൽ റീം ഐലൻഡിലെ ശംസ് ബൗട്ടിക്കിനുമിടയിൽ റൂട്ട് 65ലാണ് ഇലക്ട്രിക് ബസിന്റെ ആദ്യ സർവിസ്. ഇത് വിജയിച്ച ശേഷം മറ്റിടങ്ങളിലേക്ക് കൂടി ഇലക്ട്രിക് ബസുകൾ വ്യാപിപ്പിക്കാനാണ് അബൂദബി ഗതാഗത അതോറിറ്റിയുടെ പദ്ധതി. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വിത്യസ്തമായി ഹൈഡ്രജൻ, ഇലക്ട്രിക് ബസുകൾ പരിസ്ഥിതിക്ക് ഹാനികരമാവുന്ന രീതിയിൽ വാതകങ്ങൾ പുറന്തള്ളില്ല.