കഴിഞ്ഞ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആറു ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. 2019നെ അപേക്ഷിച്ച് അഞ്ചു ശതമാനം വളർച്ചയുമുണ്ടായി. കോവിഡിന് മുമ്പുള്ളതിനേക്കാൾ മികച്ച നിലയിലേക്ക് ടാക്സി യാത്രികരുടെ എണ്ണം വർധിച്ചുവെന്നതിന്റെ തെളിവാണിത്. ആർ.ടി.എ ബിസിനസ് ഡെവലപ്മെന്റ് പ്ലാനിങ് ഡയറക്ടർ ആദിൽ ഷാക്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം ആദ്യ പാദത്തിൽ 27.3 ദശലക്ഷം ടാക്സി ട്രിപ്പുകളാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 26 ദശലക്ഷമായിരുന്നു. കോവിഡ്കാലമായ 2020ൽ 23.3 ദശലക്ഷവും 2021ൽ 19.2 ദശലക്ഷവുമായിരുന്നു യാത്രകൾ. കോവിഡിന് മുമ്പുള്ള 2019ൽ 26.1 ദശലക്ഷം യാത്രകൾ നടത്തി. അത്ഭുതപൂർണമായ വളർച്ചയാണ് ടാക്സിയാത്രകളിലുണ്ടായതെന്നും ഓൺലൈൻ ബുക്കിങ്ങിലും വൻ വർധനവുണ്ടായെന്നും ആദിൽ ഷാക്രി പറഞ്ഞു. ദുബൈ സാമ്പത്തിക രംഗത്തെ വളർച്ചയാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും നിക്ഷേപക, ടൂറിസം മേഖലക്ക് ഇത് ഊർജം പകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.