​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-26 13:59 GMT

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

..............................................

ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന യാസ് ഐലൻഡിലാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് വാഹനങ്ങൾ വ്യാപകമാക്കുന്നത്. ഘട്ടം ഘട്ടമായി മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറില്ലാ വാഹനങ്ങളുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയതും ഇവിടെ തന്നെയായിരുന്നു. തുടർന്ന് സൗജന്യ സേവനവും നടത്തിയിരുന്നു. രണ്ടാം ഘട്ടമായാണ് കൂടുതൽ സമാർട്ട് വാഹനം സേവനത്തിനു ഇറക്കിയത്. മൊത്തം 17 ഡ്രൈവറില്ലാ വാഹനങ്ങളും ടാക്സികളും യാസ്, സാദിയാത് ദ്വീപുകളിലായി സർവീസ് നടത്തും.

..............................................

യൂബർ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകകപ്പിനിടെ യൂബർ ആപ്ലിക്കേഷൻ മുഖേന ടാക്‌സിയിൽ യാത്ര ചെയ്തത് 26 ലക്ഷം പേർ. ലോകകപ്പിന്റെ 8 സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമായി 4,41,612 ട്രിപ്പുകളാണ് നടത്തിയത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കായിരുന്നു ഏറ്റവും കൂടുതൽ യാത്ര- അതായത് 1,10,000 ട്രിപ്പുകൾ. ഒരു യാത്രക്കാരൻ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ട്രിപ്പ് 313 കിലോമീറ്റർ ആണ്. ഖത്തർ സന്ദർശിച്ചവരിൽ ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്നത് യുഎസ്എ, സൗദി അറേബ്യ, ഇന്ത്യ, യുഎഇ, മെക്‌സിക്കോ, ഫ്രാൻസ്, ഈജിപ്ത്, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്.

..............................................

യുഎഇ എമിറേറ്റുകളിൽ പരക്കെ മഴ. ഉച്ചയോടെ ആരംഭിച്ച മഴ പിന്നീട് ശക്തമാവുകയായിരുന്നു. മഴയെ തുടർന്ന് പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൂടാതെ യുഎഇ താപനില ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ യുഎഇ അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. കടൽ ക്ഷോഭത്തിനും സാധ്യതയുണ്ട്. ഒമാനിൽ മഴ നാളെയും മറ്റന്നാളും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ സമീപത്തേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്.

കൂടാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ദോഹ നഗരത്തിലും മഴ ലഭിക്കുന്നുണ്ട്. വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലാണ് രാവിലെ മുതൽ മഴ പെയ്യുന്നത്. ചിലയിടങ്ങളിൽ കനത്ത മഴ തന്നെയാണ് ലഭിച്ചത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്. ഇന്നു മുതൽ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും രാത്രികളിൽ തണുപ്പ് കനക്കുമെന്നും നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

..............................................

ദുബൈയിൽ വൻകിട റോഡ്​ വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ശൈഖ്​ റാശിദ്​ ബിൻ സഈദ്​ കോറിഡോറി​ന്റെ പ്രഥമഘട്ടമാണ്​ യാത്രക്കാർക്കായി തുറന്നത്​. പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈ റാസൽ ഖോർ റോഡിലെ യാത്രാസമയം 20 മിനിറ്റിൽനിന്ന് ഏഴായി കുറയുമെന്നും അധികൃതർ വ്യക്തമാക്കി. ബൂ കദ്​റ മുതൽ നാദ്​ അൽ ഹമർ വരെ നീളുന്നതാണ്​ പദ്ധതിയുടെ ആദ്യഘട്ടം. മൂന്ന്​ ലൈനുള്ളത്​ ഇവിടെ നാല്​ ലൈനുകളായാണ്​ വികസിപ്പിച്ചത്​. ഏതാണ്ട്​ നാലു കിലോമീറ്റർ ദൈർഘ്യത്തിലാണ്​ വികസനം. ദുബൈ ക്രീക്ക്​ ഹാർബറിലേക്കുള്ള എല്ലാ പാലങ്ങളും തുറന്നു. ഇതോടെ ക്രീക്ക്​ ഹാർബറിലേക്ക്​ കൂടുതൽ വാഹനങ്ങൾക്ക്​ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്ന്​ ആർ.ടി.എ അധികൃതർ വ്യക്​തമാക്കി. രണ്ടു ഘട്ട പദ്ധതി പൂർത്തീകരിക്കുന്നതോടെ വൻ വികസന കുതിപ്പിനാകും പ്രദേശം സാക്ഷ്യംവഹിക്കുക.

..............................................

ഫ്ലാറ്റ്, വില്ല എന്നിവിടങ്ങളിലെ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, കൂടുതൽ ആളുകൾ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുക എന്നിവയ്ക്കും വിലക്കുണ്ട്. ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് അഗ്നിബാധയ്ക്കു കാരണമാകാം. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

..............................................

കുവൈത്ത് പൊതുഗതാഗത കമ്പനിയായ കെ.പി.ടി.സിയുടെ ഇലക്ട്രിക് ബസ് ജനുവരി ഒന്നിന് നിരത്തിലിറങ്ങും. ചൈന ആസ്ഥാനമായുള്ള കിങ്ലോങ് കമ്പനിയാണ് ഇലക്ട്രിക് ബസ് നിർമ്മിക്കുന്നത്. ഇലക്ട്രിക് ബസിന്റെ വരവോടെ അന്തരീക്ഷ മലനീകരണം കുറയുമെന്നും പൊതുഗതാഗത സൗകര്യം വിപുലപ്പെടുത്തുവാനും മെച്ചപ്പെടുത്തുവാനും സഹായകരമാകുമെന്നും കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി സി.ഇ.ഒ മൻസൂർ അൽസാദ് പറഞ്ഞു.

...........................................

Tags:    

Similar News