ചിന്മയ് കൃഷ്ണദാസിനായി അഭിഭാഷകരില്ല; ഹാജരാവാനെത്തുന്ന അഭിഭാഷകർക്ക് ഭീഷണി
ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത ഇസ്കോൺ നേതാവ് ചിന്മയ് കൃഷ്ണദാസിനുവേണ്ടി ഹാജാരാവാന്‍ അഭിഭാഷകർ ഇല്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹാജരാവാനെത്തുന്ന അഭിഭാഷകർ അടക്കമുള്ളവര്‍ ക്രൂര മര്‍ദനത്തിനും ഭീഷണിക്കും ഇരയാവുന്നുവെന്ന വാര്‍ത്ത പരന്നതോടെ വാദത്തിന് കോടതിയിലെത്താനാവുന്നില്ലെന്ന് ഇസ്‌കോണ്‍ നേതാക്കള്‍ അറിയിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്ത ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, എതിര്‍ഭാഗത്തിന് അഭിഭാഷകർ ഇല്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോട ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റി. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച്, ഈ മാസം 25-നാണ് ഹിന്ദുസംഘടനയായ ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരണ്‍ ജോതിന്റെ വക്താവായ കൃഷ്ണദാസിനെ പോലീസ് അറസ്റ്റുചെയ്തത്. ഇതിന് പുറമെ ബാര്‍ അസോസിയേഷന്‍ നേതൃത്വം ചിന്മയ്ക്ക് വേണ്ടി ഹാജരാക്കുന്നതില്‍നിന്ന് അഭിഭാഷകരെ വിലക്കിയിട്ടുമുണ്ട്. വിലക്ക് ലംഘിച്ച് 250 കിലോമീറ്റര്‍ സഞ്ചരിച്ച് ചിന്മയ് കൃഷ്ണദാസിന് വേണ്ടി ഹാജരാവാന്‍ കോടതിയിലെത്തിയ രബീന്ദ്ര ഘോഷ് എന്നയാളെ കോടതി പരിസരത്ത് പ്രദേശവാസികള്‍ തടഞ്ഞതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഹാജരാവാനെത്തുന്ന അഭിഭാഷകരെ ക്രൂരമായി മര്‍ദിക്കുന്നുവെന്ന് എക്‌സ്‌പോസ്റ്റിലൂടെ ഇസ്കോണിന്‍റെ കൊല്‍ക്കത്തയിലെ വക്താവ് രാധാരാമന്‍ ദാസും അറിയിച്ചു.