മനുഷ്യാവകാശ പ്രവർത്തകൻ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ഡൽഹി ഹൈക്കോടതി. വെള്ളിയാഴ്ചവരെയാണ് അറസ്റ്റ് തടഞ്ഞത്. പ്രധാനമന്ത്രിക്കെതിരെ നദീം ഖാൻ പങ്കുവെച്ച ചില വീഡിയോകൾ സമൂഹത്തിൽ പ്രശ്‌നങ്ങൾക്ക് കാരണമായി എന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് നദീം ഖാനെതിരെ ചുമത്തിയത്.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ് നദീം ഖാൻ. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും കോടതി നദീം ഖാനോട് നിർദേശിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശനിയാഴ്ച ബെംഗളൂരുവിൽ വെച്ച് നദീം ഖാനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചിരുന്നു. ബെംഗളൂരുവിലെ സഹോദരന്റെ വീട്ടിലായിരുന്ന നദീം ഖാനെ അവിടെനിന്ന് പിടികൂടാനായിരുന്നു പൊലീസ് നീക്കം. വാറണ്ടില്ലാതെയാണ് നദീമിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ഭാരവാഹികൾ ആരോപിച്ചു.