കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമില്‍ ബീഫ് നിരോധിക്കും; ഹിമാന്ത ബിശ്വ ശര്‍മ
കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി. മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്. ബീഫ് നല്‍കി ഇവിടെ വിജയിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ബീഫ് ഇത്ര മോശമാണെന്ന് ഉറപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് ബീഫ് നിരോധിക്കാതിരുന്നത്. ബീഫ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ പറയുന്നുണ്ടല്ലോയെന്നും മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവിനെ പരിഹസിച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തില്‍ ബി.ജെ.പി. വിജയിച്ചതിനെക്കാള്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയാണ് പ്രധാനമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എന്നാല്‍, കോണ്‍ഗ്രസോ ബി.ജെ.പിയോ ബീഫിനെ കുറിച്ച് സംസാരിക്കില്ലെന്ന് എനിക്ക് എഴുതി നല്‍കിയാല്‍ മാത്രം മതി. അത് ചെയ്താല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബൂപെന്‍ കുമാര്‍ ബോറ രേഖാമൂലം അഭ്യര്‍ഥിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം ബീഫ് നിരോധനം നടപ്പാക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അല്ലെങ്കില്‍ റാക്കിബുള്‍ ഹുസൈന്‍ പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോയെന്ന് ഞാന്‍ തന്നെ അദ്ദേഹത്തോട് ചോദിക്കാം. അങ്ങനെയുണ്ടെങ്കില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ബീഫ് പൂര്‍ണമായും നിരോധിക്കാം. പിന്നെ സംസ്ഥാനത്ത് ഒരു പാര്‍ട്ടിയും ബീഫ് വിതരണം ചെയ്യില്ലെന്നും ഒരു മതക്കാരും ബീഫ് കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.