ലൊക്കേഷനിൽ ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്നവരെ സിനിമയ്ക്ക് ആവശ്യമില്ല; കുറച്ചു പേരാണ് പ്രശ്നക്കാർ: സുരേഷ്‌കുമാർ

Update: 2023-05-12 12:04 GMT

ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്റെ കൈവശമുണ്ടെന്നു പ്രമുഖ നിർമാതാവും നടനുമായ സുരേഷ്‌കുമാർ പറഞ്ഞു. അതുകൊണ്ട് നടപടി എടുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര വലിയ ആർട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാൽ മാറ്റി നിർത്തും. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്.

ലൊക്കേഷനുകളിലെ പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവർ ഇനിയെങ്കിലും സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്, ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകുക. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ഇക്കാര്യത്തിൽ പോലീസിനും സർക്കാരിനും വേണ്ട പൂർണ പിന്തുണ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും.

സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല. കുറച്ച് പേരാണ് പ്രശ്നക്കാർ. എന്നാൽ അവർ കാരണം എല്ലാവരും ചീത്തപ്പേരു കേൾക്കുന്ന സ്ഥിതിയാണ്. ഒരുപാടു പേരുടെ ത്യാഗം മലയാളസിനിമയുടെ വളർച്ചയിലുണ്ട്. മുൻതലമുറയിലെ താരങ്ങൾ മാതൃകയാണ്. കുറച്ചുതാരങ്ങൾ അധപതിച്ചാൽ അതു മലയാളസിനിമയുടെ അധപതനമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News