വൺ ഡയറക്ഷൻ ബാൻഡ് ഗായകനായിരുന്ന ലിയാം പെയ്‌നിനെ മരിച്ചനിലയിൽ കണ്ടെത്തി

Update: 2024-10-17 05:16 GMT

പ്രശസ്തമായ ബ്രിട്ടീഷ് ബോയ് ബാൻഡ് 'വൺ ഡയറക്ഷന്റെ' പ്രധാന ഗായകനായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ. അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് വീണ് മരിച്ച നിലയിലാണ് പെയ്നിനെ കണ്ടെത്തിയത്. വീഴ്ചയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്നുള്ള വീഴ്ചയിലുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ബ്യൂണസ് ഐറിസ് പോലീസ് അറിയിച്ചു. ലീയാം പെയ്ൻ ലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഹോട്ടലിലെ അഥിതികളിൽ ഒരാൾ ലഹരി ഉപയോഗിക്കുകയും റൂം നശിപ്പിക്കുകയും ചെയ്യുന്നതായി ഹോട്ടൽ മാനേജർ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

2010-ൽ ലീയാം പെയിൻ, നിയാൽ ഹൊറാൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ, സെയ്ൻ മാലിക് എന്നിവർ ബ്രിട്ടീഷ് ടെലിവിഷൻ മത്സരമായ 'ദി എക്സ് ഫാക്ടറിലൂടെയാണ്' ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതോടെയാണ് ബ്രിട്ടീഷ്-ഐറിഷ് പോപ്പ് സെൻസേഷൻ വൺ ഡയറക്ഷൻ ജനഹൃദയങ്ങൾ കീഴടക്കുന്നത്. രണ്ടുതവണ എക്‌സ് ഫാക്ടർ ഗോൾഡ് മെഡൽ ജേതാക്കളാകുമ്പോൾ പെയ്നും ബാൻഡ് അംഗമായിരുന്നു.

2016ൽ സെയ്ൻ മാലിക് ബാൻഡ് വിട്ടതോടെയാണ് വൺ ഡയറക്ഷൻ ഇല്ലാതാകുന്നത്. അതിനുശേഷം, സോളോ ആൽബങ്ങൾ പെയ്ൻ പുറത്തിറക്കിയിരുന്നു. 1993 ആഗസ്റ്റ് 29-ന് ജനിച്ച പെയ്ൻ, മദ്യപാനത്തിന് അടിമയായിരുന്നു. തനിക്ക് മദ്യം അടക്കമുള്ളവയോടുള്ള അഡിക്ഷനെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനായി റിഹാബിറ്റേഷൻ സെന്ററുകളിൽ സമയം ചെലവഴിക്കുന്നതിനെപ്പറ്റിയും ഗായകൻ മുമ്പ് തുറന്നുപറഞ്ഞിരുന്നു. കാമുകിക്കൊപ്പം അടുത്തിടെയാണ് അദ്ദേഹം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. കഴിഞ്ഞ പതിനാലിന് കാമുകി തിരിച്ചുപോയെങ്കിലും അദ്ദേഹം ഇവിടെ തുടരുകയായിരുന്നു.

Tags:    

Similar News