'സ്വയം ചെരുപ്പൂരി തലയിലടിച്ചു': തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ

Update: 2024-10-17 08:06 GMT

മണിരത്നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്ന് തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്ക്കേണ്ടി വന്നത്.

‘‘ആദ്യം മണി അങ്കിള്‍ (മണിരത്നം) വിളിച്ചത് ദളപതിക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാന്‍. അപ്പോൾ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. 

ഹൈദരാബാദ് പോകാന്‍ നില്‍ക്കുമ്പോഴാണ് കുളു മണാലിയില്‍ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തില്‍നിന്ന് അഡ്വാന്‍സ് വാങ്ങി വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. എനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്‌നത്തില്‍ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയി.

കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്. പടം കണ്ട് കഴിഞ്ഞ് കാറില്‍ ആരും ഒന്നും മിണ്ടിയില്ല. ഞാന്‍ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് വച്ച് തലയില്‍ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ. ഇത് പോലെ ഹിറ്റാകുമെന്ന് കരുതിയില്ല. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായില്‍ മണിസാര്‍ വിളിച്ചപ്പോള്‍ ഹിന്ദി സിനിമ ​ഗർദിഷിലേക്ക് ഓഫര്‍ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തില്‍ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാന്‍ എന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം എനിക്കു നഷ്ടപ്പെട്ടത്.’’

Tags:    

Similar News