രാജസേനന്റെ 'ഞാനും പിന്നൊരു ഞാനും' നിങ്ങളെ നിരാശപ്പെടുത്തുകയില്ല

Update: 2023-06-30 12:55 GMT

കെ സി മധു 

മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് രാജസേനൻ. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായ ഒരു ഡസനോളം സിനിമകൾ രാജസേനന്റെതായി എടുത്തു പറയാൻ കഴിയും. കഴിഞ്ഞ എട്ടു വർഷത്തോളമായി ഈ സംവിധായകൻ സിനിമകളൊന്നും ചെയ്തിട്ടില്ല. ഇപ്പോൾ ഇദ്ദേഹം കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഞാനും പിന്നൊരു ഞാനും' എന്ന സിനിമ തീയേറ്ററിലെത്തിയിരിക്കുന്നു. ഈ സിനിമയിലെ ഏറ്റവും പ്രധാനകഥാപാത്രമായ തുളസീധര കൈമളെയും രാജസേനൻ തന്നെയാണ് അവതരിപ്പിക്കുന്നത് .ഇന്ദ്രൻസ് ,സുധീർ കരമന , ജോയ് മാത്യു, ജഗദീഷ് ,വി കെ ബൈജു ,പ്രേം പ്രകാശ്, ആരതി നായർ. മീര നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവിഷ്‌ക്കരിക്കുന്നത് .

ബോക്‌സ് ഓഫിസിൽ പരുക്കുകളില്ലാതെ രക്ഷപെടാൻ സാധ്യതയുള്ള സിനിമയാണ് 'ഞാനും പിന്നൊരു ഞാനും'.രാജസേനൻ പതിവ് നാടൻ ശൈലിയിലാണ് കഥ പറഞ്ഞിട്ടുള്ളത് .ആധുനിക സാങ്കേതിക മാജിക്കുകളൊന്നുമേ ഇല്ലാത്ത ഒരു സാധാരണ മേക്കിങ്. എങ്കിലും ആന കിടന്നാലും കുതിരയുടെ പൊക്കമുണ്ടാകുമെല്ലോ . തഴക്കവും പഴക്കവുമുള്ള രാജസേനന്റെ സിനിമയാകുമ്പോൾ അതിന് പനിന്ത്യൻ പവ്വറൊന്നുമില്ലെങ്കിൽ കൂടി പ്രേക്ഷകർക്ക് കണ്ടിരിക്കാൻ പാകത്തലൊരു നല്ല സിനിമ. അതാണ് 'ഞാനും പിന്നൊരു ഞാനും' . മനഃശാസ്ത്രമാണ് പ്രമേയം. ഒരുവനിൽ മറ്റൊരുവൻ കൂടി കയറിപ്പറ്റുന്ന മനഃശാസ്ത്രം. അതുണ്ടാക്കുന്ന സങ്കീണമായ പ്രശ്‌നങ്ങളും അതിന്റെ കുരുക്കുകളഴിക്കുകയുമാണ് സിനിമയിൽ. അഭിനയത്തെക്കുറിച്ചാണെങ്കിൽ രാജസേനന്റെ ഭാവനയിലുണ്ടായ കഥാപാത്രങ്ങളെല്ലാം തന്നെ സംവിധായകന്റെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പ്രകടിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് .പക്ഷെ രാജസേനന്റെ തുളസീധര കൈമളിന്റെ കാര്യത്തിൽ മാത്രം നിന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ടാകാം അഭിനയം കുറച്ചധികപ്പറ്റായി പോയത് .

ഈ ചിത്രം ഒരു മികച്ച കലാരൂപമെന്ന ഖ്യാതിയിലെത്താതെ പോകുന്നുവെങ്കിൽ അത് ഇതിന്റെ ക്‌ളൈമസ് രംഗങ്ങളുടെ അതിനാടകീയത ഒന്നുകൊണ്ടു തന്നെയാണ് . അതിനുത്തരവാദി തീർച്ചയായും സംവിധായകനായ രാജസേനൻ തന്നെയാണ് .എൺപതുകളിലെ അപസർപ്പക സിനിമകളിലെ പ്രേം നസീർ അടൂർ ഭാസി കൂട്ടുകെട്ടിന്റെ പെൺവേഷം കെട്ടലുകളെ ഓർമ്മിപ്പിക്കും വിധം അവസാന രംഗങ്ങളിലെ രാജസേനന്റെ ആട്ടക്കാരി വേഷം അരോചകമായി മാറുകയാണ്. അതോടൊപ്പം അദ്ദേഹത്തിൻറെ ബാലെ പ്രകടനവും. മലയാള സിനിമയിൽ രാജസേനനെക്കൊണ്ടല്ലാതെ മറ്റൊരാൾക്കും ഇത്ര തന്മയത്വമായി ഇതവതരിപ്പിക്കാനും കഴിയില്ല. കാരണം അദ്ദേഹം സിനിമക്കാലത്തിനു മുൻപ് വിദഗ്ദ്ധനായൊരു ബാലെ നർത്തകനായിരുന്നു എന്ന് കേട്ടിട്ടുണ്ട് .

ഇതൊക്കെ സിനിമയുടെ ന്യൂനതകളായി പെറുക്കി നിര ത്തിയതല്ല .ആവറേജ് നിലവാരത്തിൽ നിന്ന് സിനിമയെ പിന്നോട്ട് വലിച്ച ഘടകങ്ങൾ എന്ന നിലയിൽ ചൂണ്ടിക്കാണിച്ചതാണ് .പ്രേക്ഷകരെ നിങ്ങൾക്കീ സിനിമ തീർച്ചയായും തീയേറ്ററിൽ പോയി കാണാം. നിങ്ങളെ ഇത് നിരാശപ്പെടുത്തുകയില്ല.

Similar News