യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി, നിവിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിവിൻ പോളി ഉൾപ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്. ദുബായിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. യുവതിയെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികൾ.
എന്നാൽ, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിൻ പോളി അവിടെ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ആറാം പ്രതിയായ നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.