പ്രണയമൊന്നും വേണ്ടെന്ന് പറഞ്ഞതാണ്, അറിഞ്ഞപ്പോൾ ഒന്നര മാസം അച്ഛൻ എന്നോട് സംസാരിച്ചില്ല; സ്നേഹ

Update: 2024-11-05 08:55 GMT

മുൻനിര നായിക നടിയായി സജീവമായിരിക്കുന്ന സമയത്താണ് നടി സ്നേഹ വിവാഹിതയായത്. നടൻ പ്രസന്നയാണ് ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ. പ്രസന്നയുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു. ​ഗലാട്ട തമിഴിനോടാണ് പ്രതികരണം. പ്രണയത്തിലാണെന്ന് അമ്മയ്ക്ക് ഏറെക്കുറെ മനസിലായി. അച്ഛനാണ് കുറച്ച് ദേഷ്യപ്പെട്ടത്. അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല. പ്രണയമൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതാണ്, നീ അതൊന്നും കേൾ‌ക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പിന്നീട് അച്ഛനും വിവാഹത്തിന് സമ്മതിച്ചെന്ന് സ്നേഹ ഓർത്തു. അഭിമുഖത്തിൽ പങ്കെടുത്ത സ്നേഹയുടെ അമ്മയും ഇതേക്കുറിച്ച് സംസാരിച്ചു. പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചു. അവൾ അവളുടെ ജീവിതം തീരുമാനിക്കട്ടെ, നമ്മൾ എന്തെങ്കിലും ചെയ്തിട്ട് ശരിയായില്ലെങ്കിൽ ബുദ്ധിമുട്ട് നമുക്കാണെന്ന് പറഞ്ഞു. പതിയെ അദ്ദേഹം സമ്മതിച്ചെന്നും സ്നേ​ഹയുടെ അമ്മ വ്യക്തമാക്കി. വളരെ നല്ല ഭർത്താവാണ് പ്രസന്നയെന്നും അമ്മ പറഞ്ഞു. ക്രിസ്റ്റഫർ എന്ന സിനിമയിലാണ് സ്നേഹയെ മലയാളി പ്രേക്ഷകർ അവസാനമായി കണ്ടത്.

Tags:    

Similar News