അഭിനയത്തോടൊപ്പം പഠനവും തുടരാനൊരുങ്ങി നടൻ ഇന്ദ്രൻസ്. ജീവിതത്തിലെ പകുതി വഴിയിൽ വച്ച് നിർത്തിയ പഠനം പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ദ്രൻസ്. പത്താം ക്ലാസ് തുല്യത പഠനത്തിന് ഒരങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രൻസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.
നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. പഠിത്തം ഇല്ലാത്തതിനാൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയേണ്ടി വന്നു. ഇത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ കൂടിയാണ് പഠനം കൊണ്ട് ശ്രമിക്കുന്നത്.
സ്‌കൂളിൽ പോകാൻ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താൻ സ്‌കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രൻസ് മുൻപ് പറഞ്ഞത്. എന്നാൽ വായന ശീലം വിടാത്തതിനാൽ കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. അത് വലിയ മാറ്റങ്ങൾ ജീവിതത്തിലുണ്ടാക്കിയെന്ന് ഇന്ദ്രൻസ് മുൻപും പറഞ്ഞിട്ടുണ്ട്.
2018ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസ് നേടിയിരുന്നു. 2019ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. കഴിഞ്ഞ വർഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രൻസിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ഇന്ദ്രൻസ് പൂർത്തിയാക്കിയത്.
'നാലാം ക്ലാസിൽ പഠനം അവസാനിച്ചു. അന്നു കടുത്ത ദാരിദ്ര്യമായിരുന്നു. നടനെന്ന നിലയിൽ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉൾവലിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ' ഇന്ദ്രൻസ് പറയുന്നു. ഇന്ദ്രൻസ് 4 വരെ പഠിച്ചത് കുമാരപുരം യുപി സ്‌കൂളിലായിരുന്നു. ഇവിടെ നിന്നും മീറ്ററുകൾ അകലെയാണ് മെഡിക്കൽ കോളേജ് സ്‌കൂൾ. ഈ സ്‌കൂളിലേക്കാണ് മുടങ്ങാതെ ഇപ്പോൾ നടൻ പഠിക്കാൻ എത്തുന്നത്.